പത്തനംതിട്ട: പത്തനംതിട്ടയിൽ 18 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ.
വെള്ളിയാഴ്ച അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്.
രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സി.ഡബ്ല്യു.സി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.