തിരുവനന്തപുരം: രാത്രി നടക്കാനിറങ്ങിയതിനിടെ കാൽതെറ്റി 30 അടി താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി വീരസിംഹമാണ്(35) കുഴിയിൽ വീണത്.
വിഴിഞ്ഞത്തിന് സമീപത്തുള്ള മുക്കോലയിൽ റസ്റ്റോറൻറിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറൻറിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് വീരസിംഹം. രാത്രിയിൽ കുഴിക്ക് സമീപത്തുകൂടി നടക്കുന്നതിനിടെ കാൽ തെറ്റി കുഴിയിൽ വീണതാണെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.
വീരസിംഹൻറെ നിലവിളി കേട്ട് നാട്ടുക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഉടനെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. വീഴ്ചയിൽ കാലിന് പരുക്കേറ്റ വീരസിംഹനെ ആശുപത്രിയിലേക്ക് മാറ്റി.