കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് പാതയോരത്തെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ഭരത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്നു പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ പൊലീസ് സംഘമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.