കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മാൾഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം.
തൃണമൂൽ പ്രവർത്തകനും മേഖലാ പ്രസിഡന്‍റുമായ ബാക്കുൾ ഷെയ്ക്കിന്‍റെ അനുയായിയുമായ ഹാസുവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രാദേശിക നേതാവായ സാക്കിറിന്‍റെയും പാർട്ടി മേഖല പ്രസിഡന്‍റ് ബാക്കുൽ ഷെയ്ക്കിന്‍റെയും അനുയായികൾ തമ്മിലായിരുന്നു സംഘർഷം.
ബാക്കുൾ വിഭാഗം പ്രവർത്തകരെ സാക്കിറിന്‍റെ അനുയായികൾ ആക്രമിച്ചെന്നും ഇതോടെ ബാക്കുൾ വിഭാഗം തിരികെ ആക്രമിച്ചെന്നുമാണ് റിപ്പോർട്ട്.
ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് തൃണമൂൽ പ്രവർത്തകൻ ഹാസു കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ബാക്കുൾ ഷെയ്ഖിനും പരുക്കേറ്റിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപും മാൾഡ ജില്ലയിൽ തൃണമൂൽ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മറ്റൊരു തൃണമൂൽ നേതാവായിരുന്നു അറസ്റ്റിലായത്.