മലപ്പുറം: പെരുന്തൽമണ്ണയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. പെരുന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കുട്ടികളുടെ തലയ്ക്കും കൈക്കും പരുക്കേറ്റു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ പെരുന്തൻമണ്ണ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മുൻപും 2 മീഡിയങ്ങളിലേയും വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിൽ സസ്പെൻഡ് ചെയ്ത കുട്ടി വെള്ളിയാഴ്ച പരീക്ഷയെഴുതാനെത്തിയപ്പോഴായിരുന്നു സംഘർഷം. കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി കുട്ടികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുൻപും ആക്രമണ സ്വഭാവം കാണിച്ച ഈ കുട്ടിയെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരമുണ്ട്.