Timely news thodupuzha

logo

ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ്

തൊടുപുഴ: കേരളത്തിലെ ജലസേചന ഡാമുകൾക്ക് ചുറ്റും 100 മീറ്റർ ബഫർസോൺ പ്രഖ്യാപിച്ചത് ഒരു കാരണവശാലും ന്യായീകരിക്കുവാൻ പറ്റുന്നതല്ല. യുഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര എംവിഐപി അസി.എക്‌സിക്യൂട്ടീവ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഡാമും അനുബന്ധ ജലസേചന പദ്ധതിയും കൃത്യമായ കാഴ്ചപ്പാടോടു കൂടിയാണ് നിർമ്മാണം നടത്തിയത്.

ജലസേചന പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള ഭൂപ്രദേശം ഗവൺമെന്റ് പൊന്നും വില നൽകി ഏറ്റെടുത്തിട്ടുള്ളതാണ്. മാക്‌സിമം വാട്ടർ ലെവലിന് ആവശ്യമായ സ്ഥലത്തിനു പുറമേ ഡാമിന്റെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി അധിക സ്ഥലം ഏറ്റെടുത്ത് ക്യാച്ച്‌മെന്റ് ഏരിയയായി സംരക്ഷിച്ചു വരുന്നു. ജലസേചന പദ്ധതിയ്ക്ക് ആവശ്യമായിട്ടുള്ള സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും ജണ്ടയിട്ട് കൃത്യമായി വേർതിരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ബഫർസോൺ ഉത്തരവിലൂടെ മലങ്കര ജലാശയത്തോടനുബന്ധിച്ച് തുടങ്ങുവാനിരിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാർക്കിനും നിരവധി ടൂറിസം പദ്ധതികൾക്കും വിലങ്ങുതടിയാവും ഈ ഉത്തരവ്.

100 മീറ്ററിനകത്തുള്ള ബഫർസോണിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ വ്യക്തികൾ പ്രത്യേകമായി അപേക്ഷകൾ കൊടുത്ത് ചീഫ് എഞ്ചിനീയറുടെ അനുമതി വാങ്ങണമെന്നുള്ള വകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ടൂറിസത്തിന് അനന്തസാധ്യതയുള്ള ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർസോൺ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.

യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലങ്കര എംവിഐപി അസി. എക്‌സിക്യൂട്ടീവ് ഓഫീസിലേയ്ക്ക് മുട്ടം ടൗണിൽ നിന്നും നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് ജനകീയ മാർച്ച് നടത്തി. എംവിഐപി ഓഫീസിനു മുന്നിലുള്ള ധർണ്ണാ സമരത്തിൽ ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ എം ജെ ജേക്കബ് ആമുഖ പ്രസംഗം നടത്തി.

ധർണ്ണാ സമരത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ എം എ ഷുക്കൂർ, ജാഫർഖാൻ മുഹമ്മദ്, അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, അപു ജോൺ ജോസഫ്, അഡ്വ. സി കെ വിദ്യാസാഗർ, സുരേഷ് ബാബു, എം മോനിച്ചൻ, എം കെ പുരുഷോത്തമൻ, റ്റി എസ് ഷംസുദ്ധീൻ, എൻ ഐ ബെന്നി, രാജു ഓയ്ക്കൽ, ഷിബിലി സാഹിബ്, ടോമി കാവാലം, ബ്ലെയിസ് ജി വാഴയിൽ, കെ എ പരീദ്, കെ ടി അഗസ്റ്റിൻ, കെ കെ മുരളീധരൻ, ജോസുകുട്ടി തുടിയൻപ്ലാക്കൽ, ജോജി എടാമ്പുറം, ഫിലിപ്പ് ചേരിയിൽ, തങ്കച്ചൻ കോട്ടയ്ക്കകം, കൃഷ്ണൻ കണിയാപുരം, കെ.ഡി മാത്യു, ജിൽസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *