ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് നിർദേശിച്ചിട്ടുമുണ്ട്.

സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണ കമ്മിറ്റിയിൽ രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരും അംഗമായിരിക്കും. യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനാണ് കൊളീജിയം തീരുമാനം. ജസ്റ്റിസിൻറെ ഔദ്യോഗിക വസതിയിൽ തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് ജഡ്ജിയുടെ വീട്ടിൽ അസാധാരണമായ വിധത്തിൽ പണം കണ്ടെത്തിയത്.
തുടർന്ന് ഇക്കാര്യം സർക്കാർ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. 2014 ൽ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമ 2021ലാണ് ഡൽഹി ഹൈക്കോടതിയിലെത്തിയത്.