തൊടുപുഴ: ബഫർസോൺ പ്രശ്നത്തിൽ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ് നിയമസഭയിൽ മന്ത്രി ഉത്തരവ് പിൻവലിച്ചതിലൂടെകാണാൻ കഴിഞ്ഞതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു.
കേരള കോൺഗ്രസ്സ് ചെയർമാനും മുൻ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എം എൽ എ ഇടപെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം അഡ്വ മോൻസ് ജോസഫ് എം.എൽ.എ ബഫർ സോൺ വിഷയം അടിയന്തിര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്.

കേരളത്തിലെ ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര ഡാം ഉൾപ്പെടെ 32 ഡാമുകളുടെ സമീപ പ്രദേശ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിലയിൽ 26 – 12 – 2024 ൽ ഇറക്കിയ ഉത്തരവാണ് അഡ്വ മോൻസ് ജോസഫ് എം എൽ എ യുടെ അടിയന്തിരപ്രമേയത്തെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയിൽ പിൻവലിക്കേണ്ടി വന്നത്.
ചോദ്യോത്തരവേളയിൽ സണ്ണി ജോസഫ് എം.എൽ.എയും ജലവിഭവ വകുപ്പിന്റെ ഡിമാന്റ് ചർച്ചയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും നിയമസഭയിൽ നേരത്തെ ബഫർ സോൺ വിഷയം ചർച്ച ചെയ്തിരുന്നു.
അടിയന്തിര പ്രമേയത്തിൻമേൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ കൂടിയായപ്പോൾ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി പ്രഖ്യാപിക്കുന്ന അപൂർവ്വതയ്ക്ക് കൂടിയാണ് നിയമസഭ സാക്ഷ്യം വഹിച്ചതെന്നും എം.മോനിച്ചൻ പറഞ്ഞു. യു ഡി എഫ് നേതൃത്വത്തിൽ വിവിധ ജില്ലകളിലും മലങ്കര ഡാമിന്റെ തീരമേഖലകളിലും നടന്ന ജനകീയ പ്രതിഷേധത്തിന്റെ വിജയമാണിതെന്നും എം മോനിച്ചൻ പറഞ്ഞു.