തിരുവനന്തപുരം: മദ്യലഹരിയിൽ ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ക്രൂര മർദനം. പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ അനീഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി.
ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിൻറെ സമീപത്തുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിൻറെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ജയനും സംഘവും മദ്യ ലഹരിയിൽ ഡാൻസ് കളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻറെ മുഖത്ത് ജയൻ ശക്തിയായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷിൻറെ മൂക്കിൻറെ അസ്ഥി തകരുകയായിരുന്നു.
പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ എസ്.എൽ. അനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജഗതി സ്വദേശി പന്തം ജയൻ എന്നുവിളിക്കുന്ന ജയൻ (42), ജയൻറെ സഹോദരൻ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്.