കൊച്ചി: മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി.
ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സമിതികളിൽ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി.
മലബാർ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.