തൃശൂർ : പിണറായി വിജയനെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ കുടുംബത്തെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ട്. പിണറായിയുടെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത തുണിയിൽ കല്ല് കെട്ടി ആക്രമണത്തിനിറങ്ങിയാൽ നോക്കി നിൽക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടും. കോവിഡും പ്രളയവും വരണമെന്ന് ആഗ്രഹിച്ചു നടക്കുന്നവരാണ് യുഡിഎഫുകാർ. യുഡിഎഫ് നാശത്തിന്‍റെ കുഴിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ അനിശ്ചിതത്വങ്ങൾക്കിടെയാണ് ഇ പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തത്. ജാഥ കണ്ണൂരിൽ എത്തിയപ്പോഴും ജയരാജൻ പങ്കെടുക്കാത്തതിൽ കടുത്ത വിമർശനമുയർന്നിരുന്നു.