കണ്ണൂർ: ചേലോറയിലെ മാലിന്യ സംസ്കരണത്തിനുള്ള കരാറിൽനിന്ന് സോണ്ട ഇൻഫ്രാടെക്കിനെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണം വിഴുങ്ങി മേയർ. ഈ കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും മേയർ ടി ഒ മോഹനൻ ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ തുറന്നു സമ്മതിച്ചു. ബ്രഹ്‌മപുരം പശ്‌ചാത്തലത്തിൽ രാഷ്‌ട്രീയലക്ഷ്യംവച്ച് ഉന്നയിച്ച, കമ്പനിക്ക് കരാർ നൽകാനും ഒഴിവാക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നുള്ള ആരോപണത്തിൽനിന്നാണ് മേയർ മലക്കംമറിഞ്ഞത്. വകുപ്പുതലത്തിൽ സെക്രട്ടറി അയച്ചതായി പറയുന്ന ചില കത്തുകളെക്കുറിച്ചുമാത്രമാണ് മേയർക്ക് ഇപ്പോൾ പറയാനുള്ളത്.
നയപരമായ തീരുമാനങ്ങൾ എടുത്തുകഴിഞ്ഞാൽ ഇത്തരം കത്തുകൾ തികച്ചും അപ്രസക്തമായിരിക്കെ, അതും പൊക്കിപ്പിടിച്ചാണ് മേയറുടെ രാഷ്‌ട്രീയക്കളി. ചേലോറയിൽ മാലിന്യസംസ്‌കരണത്തിനുള്ള ബയോമൈനിങ്ങിന് സോണ്ട ഇൻഫ്രാടെക്കിനാണ് കരാർ ലഭിച്ചത്. സിംഗിൾ ടെൻഡറിൽ പങ്കെടുത്ത് 6.86 കോടിക്കാണ് കമ്പനി കരാർ നേടിയത്. കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കരാർ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.