Timely news thodupuzha

logo

ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകാനോ വഴിതിരിച്ചു വിടാനോ സാധ്യത

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകാനോ വഴിതിരിച്ചു വിടാനോ സാധ്യതയുണ്ടെന്ന് ഡയറക്റ്ററേറ്റ് ഒഫ് സിവിൽ ഏവിയേഷൻസിൻറെ മുന്നറിയിപ്പ്. യാത്രാ ദൈർഘ്യം കൂടുന്നതിനാൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് വിമാനം ഇറക്കേണ്ട സാഹചര്യവും ഉണ്ടാകാം. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനു മുകളിൽ കൂടിയുള്ള വ്യോമ പാതയിൽ പ്രവേശനം നിഷേധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച്, വിമാനം പുറപ്പെടും മുൻപ് തന്നെ യാത്രക്കാരെ കൃത്യമായി ധരിപ്പിച്ചിരിക്കണമെന്നും വിമാനക്കമ്പനികൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.

ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് വിമാനം ഇറക്കേണ്ടി വന്നാൽ യാത്രക്കാർ വിമാനത്തിൽ തന്നെ തുടരണമെന്നാണ് നിർദേശം. യാത്രാ സമയം നീണ്ടുപോയാൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണ-പാനീയങ്ങൾ വിമാനത്തിൽ കരുതണമെന്നും ഡിജിസിഎ സിഎഫ്ഒ ക്യാപ്റ്റൻ ശ്വേത സിങ് പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു. ഇടയ്ക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ, മതിയായ വൈദ്യ സഹായവും ഗ്രൗണ്ട് ആംബുലൻസും അടക്കം സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിലായിരിക്കണം എന്നും ഉറപ്പാക്കണം. പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയ യാത്രയിൽ യാത്രക്കാർക്ക് ഉണ്ടാകാവുന്ന ക്ഷീണം, അസ്വസ്ഥത, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിമാനത്തിലെ ജീവനക്കാർക്കും കൃത്യമായ മാർഗനിർദേശം നൽകണം.

ഡൽഹി, അമൃത്സർ, ചണ്ഡിഗഡ്, ലഖ്നൗ എന്നീ ഉത്തരേന്ത്യൻ വിമാനത്താവളങ്ങൾക്കും, യുഎഇ, പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, വടക്കേ അമെരിക്ക എന്നിവിടങ്ങൾക്കും ഇടയിലുള്ള സർവീസുകൾക്കാണ് ഇതു പ്രധാനമായും ആവശ്യം വരുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. കേരളം അടക്കം തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും, മുംബൈ അടക്കം പടിഞ്ഞാറൻ വിമാനത്താവളങ്ങളിൽനിന്നും കോൽക്കത്ത പോലുള്ള കിഴക്കൻ വിമാനത്താവളങ്ങളിൽനിന്നുമുള്ള സർവീസുകളെ ബാധിക്കില്ലെന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *