കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ ഇരുമ്പു കമ്പി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കാരന്മൂട് സ്വദേശി വിൻസി കുമാറിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊള്ളലേറ്റ കുട്ടി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിനാണ് 11 കാരനെ അച്ഛൻ ക്രൂരമായി ഉപദ്രവിച്ചത്. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വച്ച് പഴുപ്പിച്ച ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു.
കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പിന്നാലെ കുട്ടിയുടെ അമ്മ പത്തനാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെയും മകനെയും പ്രതി നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു വെന്നാണ് വിവരം.