ന്യൂഡൽഹി: തൈരിന്‍റെ പാക്കറ്റിൽ ദഹി എന്ന് ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ദഹിയെന്ന വാക്കിനൊപ്പം തൈരിന്‍റെ പ്രാദേശിക ഭാഷയുൾപ്പെടെയുള്ള വകഭേദങ്ങൾ ഉൾപ്പെടുത്തണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദ്ദേശത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികരിച്ചു.
തമിഴ്നാട്ടിലെ ക്ഷീര കർഷകോൽപാദന സംഘടനയായ ആവിനും ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നും തൈരെന്ന തമിഴ് വാക്കുമാത്രമായിരിക്കും പായ്ക്കറ്റിൽ അച്ചടിക്കുകയെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.