ന്യൂഡൽഹി: മാനനഷ്ടക്കേസിലെ നടപടിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് കോടതിയിൽ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് അപ്പീൽ സമർപ്പിക്കുക. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസമാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്.
കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നാണ് രാഹുലിന്‍റെ ആവശ്യം. ഇത്തരത്തിൽ വിധിക്ക് സ്റ്റേ ഉണ്ടായാൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അത് വലിയ ആശ്വാസമാവും. പാർലമെന്‍റ് അംഗത്വത്തിലെ അയോഗ്യതയും നീങ്ങും. കഴിഞ്ഞ മാസം 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയുമായിരുന്നു വിധിച്ച ശിക്ഷ. തുടർന്ന് അപ്പീൽ നൽകുന്നതിനായി 1 മാസത്തെ സാവകാശം അനുവദിക്കുകയായിരുന്നു.
2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിൽ വച്ചായിരുന്നു രാഹുലിന്‍റെ മോദി പരാമർശം. മോദി സമുദായത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി നടപടി. ‘വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ ചേർത്ത് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരാണുള്ളത്’ എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. പരാതി നൽകി 4 വർഷത്തിനു ശേഷമാണ് വിധി.