കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ മാറ്റാൻ പറമ്പികുളത്തിന് പകരം മറ്റൊരു സ്ഥലം കണ്ടെത്താൻ കൂടുതൽ സമയം നൽകണമെന്ന സർക്കാർ ആവശ്യമാണ് കോടതി അംഗീകരിച്ചത്. മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നീരിക്ഷിക്കാനും കോടതി നിർദ്ദേശിച്ചു.
ചിന്നക്കനാലിൽ നിന്ന് കൊമ്പനെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാത്തിരിക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ വനം വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെന്‍റ് ആലോചിക്കുന്നതെന്നും ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.
ഏറ്റവും പ്രശ്നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്ക്ക് ഫോഴ്സ് രൂപികരിക്കാം. എന്നാൽ ടാസ്ക് ഫോഴ്സിൽ ഒരാൾക്ക് ഉത്തരവാദിത്തം വേണം. അത് ഡി എഫ് ഒ ആയാലും വൈൽഡ് ലൈഫ് വാർഡൻ ആയാലും പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മെയ് 3 ന് പരിഗണിക്കും.