കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നതിന്റെ ഭാഗമായി ശക്തമായ സുരക്ഷയൊരുക്കിയാണ് ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി കമ്മിഷണർ കെ സേതുരാമൻ അറിയിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ പറഞ്ഞു.

നരേന്ദ്രമോദി കൊച്ചിയിൽ റോഡ് ഷോ നടത്തുന്ന സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. സംസ്ഥാന പൊലീസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ, എ.ഡി.ജി.പി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതോടെ പുറത്ത് വന്നു.

വി.വി.ഐ.പി സുരക്ഷയുടെ സമഗ്രവിവരങ്ങൾ 49 പേജുള്ള റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് കൈമാറിയിരുന്നത്. എ.ഡി.ജി.പി ഇന്റലിജൻസ് ടി.കെ വിനോദ് കുമാർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.