കൊച്ചി: ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് ശനിയാഴ്‌ച നടക്കും. അധ്യക്ഷ സ്ഥാനത്തേക്ക് കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടും നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവും തമ്മിലാണ് മത്സരം. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. സാധാരണഗതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിർദേശമാണ് രീതി.
ആ പതിവാണ് ഇത്തവണ മാറുന്നത്. മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തുക. നിലവിൽ എസ്.എൻ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷൻ. ഫെഫ്‌കയ്ക്ക് കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയായത് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ.കെ സാജനായിരുന്നു ജനറൽ സെക്രട്ടറി.