തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.
മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി പ്രോഗാമില്‍ നിന്നാണ് മിറര്‍ റൈറ്റിങിനെക്കുറിച്ചും അതിന്റ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കിയത്. അന്ന് മുതല്‍ ഇതൊന്ന് പഠിക്കണമെന്നാഗ്രഹിച്ച് പേപ്പറില്‍ എഴുതി പരിശീലനം തുടങ്ങി. കുറഞ്ഞ നാള്‍കൊണ്ട് മിറര്‍ റൈറ്റിങ് സ്വായത്തമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിഞ്ഞത്. ആദ്യ അപേക്ഷ നിരസിക്കപ്പെട്ടെങ്കിലും രണ്ട് മാസം മുമ്പ് നടത്തിയ രണ്ടാം ശ്രമത്തില്‍ വിജയിക്കുകയും റെക്കോർഡ് നേട്ടം കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രതിജ്ഞയാണ് ഇംഗ്ലീഷ് ഭാഷയിൽ മിറര്‍ റ്റൈറിങിലൂടെ രണ്ട് മിനിട്ടും മൂന്ന് സെക്കന്റും 65 മില്ലി സെക്കന്റുമെന്ന റെക്കോര്‍ഡ് സമയംകൊണ്ട് ഡാനല്‍ എഴുതിയത്.
റെക്കോര്‍ഡ് ജേതാവായതിന്റെ അംഗീകാര പത്രവും മെഡലുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഡാനലിന് അയച്ച് നല്‍കി. വീട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടേയും സഹായവും പിന്തുണയുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് ഡാനല്‍ പറഞ്ഞു. മുട്ടം കുന്നേല്‍പറമ്പില്‍ കെ.ആര്‍. ചാള്‍സിന്റേയും ബിദ ചാള്‍സിന്റെയും മകളാണ് ഡാനല്‍. ഏക സഹോദരി ഡാരല്‍ ബിദ ചാള്‍സ്.