ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ കെ പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ സിറ്റി അംഗൻവാടിയിൽ നിന്നാണ് ഇവർ വിരമിക്കുന്നത്. ഇതിനോടകം ആയിരത്തോളം കുരുന്നുകളെ ഇവർ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു.
രണ്ട് തലമുറയിൽ പെട്ട കുട്ടികൾക്കാണ് ഈ അധ്യാപിക അക്ഷരങ്ങൾ പകർന്നു നൽകിയത്. വൈവാഹിക ജീവിതം പോലും സ്വീകരിക്കാതെയായിരുന്നു ഇവർ കുട്ടികൾക്കായി ജീവിച്ചത്. സ്കൂൾ സിറ്റി അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ രാജമ്മ കെ പി ക്ക് യാത്രയയപ്പ് നൽകി.
വാർഡ് മെമ്പർ സിജി ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊക്കരക്കുളം അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ലീല വിശ്വനാഥനും ആദരവ് നൽകി. വിദ്യാർത്ഥികളും വിവിധ സംഘടനാ പ്രതിനിധികളും അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസന്ന രാധാകൃഷ്ണൻ ,കെ എച്ച് റഹീം, റെജീന സിജി,ജയ്സൺ തോട്ടക്കാട്ട്,മുജീബ് റഹ്മാൻ ,മുഹമ്മദ് പനച്ചിക്കൽ ,സി എം അസീസ്, പൂർവ്വ അധ്യാപകനായ ഗോപി , ജോമോൻ കണിയാംകുടിയിൽ,അനസ്,സി എം ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.