കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് സ്വകര്യ ചാനൽ. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നുമുളള ഗുരുതര ആരോപണമാണ് പൾസർ സുനി നടത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത ഒന്നര കോടിയിൽ ഇനിയും 80 ലക്ഷം കിട്ടാനുണ്ടെന്നും പൾസർ സുനി പറയുന്നു. അത്യാവശ്യം വരുമ്പോൾ ദിലീപിൽ നിന്ന് ഗഡുക്കളായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പൾസർ സുനി പറയുന്നുണ്ട്.
നടി ആക്രമിക്കപ്പെടുമ്പോൾ എല്ലാ വിവരവും തത്സമയം ഒരാൾ അറിഞ്ഞിരുന്നുവെന്നും, തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും തരാമെന്ന് നടി കരഞ്ഞ് പറഞ്ഞുവെന്നും സുനി. നടി വാഗ്ദാനം ചെയ്ത പണം വാങ്ങിയിരുന്നെങ്കിൽ താൻ ജയിൽ പോവില്ലായിരുന്നുവെന്ന് പൾസർ സുനി പറയുന്നുണ്ട്. എന്നാൽ അതിക്രമം നടക്കുമ്പോൾ താൻ മറ്റ് ചിലരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു.
കേസിൽ നിർണായകമായ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കൈവശം ഉണ്ടെന്നും പൾസർ സുനി പറയുന്നുണ്ട്. മൊബൈൽ ഫോൺ എവിടെയാണെന്ന് പറയില്ല. പറയാൻ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോൺ കണ്ടെത്താത്തത് പൊലീസിൻറെ കുഴപ്പമാണെന്നും പൾസർ സുനി വെളിപ്പെടുത്തി. അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകർപ്പ് ആണെന്നും പൾസർ സുനി.