Timely news thodupuzha

logo

ദേശീയനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും മന്ത്രി ആർ.ബിന്ദു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണെന്നും പാർലമെന്റ് പരിശോധിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്ക് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ അസംബ്ലി ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ ചവിട്ടിത്താഴ്ത്തി കേന്ദ്രീകരണം അടിച്ചേൽപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസനയം. മുൻകാല നയരേഖകളുടെ നേട്ടങ്ങളും കോട്ടങ്ങളും സൂക്ഷ്‌മ‌പരിശോധന നടത്തിവേണം ഒരു വിദ്യാഭ്യാസ നയരേഖ വാസ്‌തവത്തിൽ പുറത്തിറക്കാൻ.

ആ ശ്രമം ദേശീയ വിദ്യാഭ്യാസനയം രൂപീകരണത്തിൽ ഉണ്ടായിട്ടേയില്ല. യാതൊരു സാമൂഹ്യസംവിധാനത്തിന്റെയും ജനപ്രതിനിധിസഭയുടെയും പരിശോധന ഈ നയത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. പാർലമെന്ററി നടപടിക്രമങ്ങളെയാകെ കവച്ചുവെച്ചാണ് അത് കൊണ്ടുവന്നിട്ടുള്ളത്. യുജിസി വഴി പൊതുജനാഭിപ്രായം തേടുന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ലഭിച്ച പ്രതികരണങ്ങളൊന്നും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. കോളേജുകളുടെ അഫിലിയേഷൻ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ദേശീയ വിദ്യാഭ്യാസനയം ഗ്രാമീണമേഖലകളിലെയും ഗോത്രപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഏറ്റവും ഹാനിയുണ്ടാക്കും.

ഉന്നതവിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാകണമെങ്കിൽ പ്രാദേശികതലത്തിൽ സൗകര്യമുണ്ടാകൽ സുപ്രധാനമാണ്. ഇക്കാര്യത്തിൽ ദേശീയ വിദ്യാഭ്യാസനയത്തിന് അവകാശവാദങ്ങൾ മാത്രമേയുള്ളൂ, ജനകേന്ദ്രിതമായ ജ്ഞാനസമൂഹമാണ് കേരളം സൃഷ്ടിക്കുന്നത്. വികസിത-മുതലാളിത്ത രാജ്യങ്ങളിൽ പിന്തുടരുന്ന മാതൃക അല്ല. ജ്ഞാനോത്പാദനത്തെയും ഗവേഷണത്തെയും സമൂഹത്തിന്റെ വിശാല ആവശ്യങ്ങളുമായി എത്രയും ബന്ധിപ്പിക്കുന്നതിലാണ് കേരള മോഡലിന്റെ ഊന്നൽ എന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *