കോട്ടയം: കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. “കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വീണാ ജോർജ് ഡോ. വന്ദനയുടെ വീട്ടിൽ എത്തി കരഞ്ഞത്, ഇതാണ് കഴുതകണ്ണീർ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
കേസിനെ ദുർബലമാക്കുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട് വന്ദനയുടെ അച്ഛന്‍റേയും അമ്മയുടേയും മുന്നിൽ വച്ച് കരഞ്ഞ് കാണിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കുന്ന പ്രവർത്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി വീണാജോർജിനെതിരെ അധിക്ഷേപവുമായി കോട്ടയം ഡിസിസി പ്രസിഡന്‍റും രംഗത്തെത്തി. വീണാ ജോർജ് നാണംക്കെട്ടവളാണെന്നായിരുന്നു നട്ടകം സുരേഷിന്‍റെ പ്രതികരണം. വന്ദനയെ ഇല്ലാതാക്കിയത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.