ന്യൂഡൽഹി: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്നും വന്ദനയെ രക്ഷിക്കാൻ ആരുടെയും ഭാഗത്ത് നിന്നും ഒരുശ്രമവും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.
അക്രമിയെ പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്നും വിമർശിച്ചു. രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും വന്ദനയെ ആരും സഹായിക്കാനുണ്ടായില്ല. വന്ദനയ്ക്ക് അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ല. ചികിത്സ നൽകാൻ ഇത്രയധികം ദൂരം കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും രേഖാ ശർമ്മ ചോദിച്ചു.
കേരളാ പൊലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.