തിരുവനന്തപുരം: ഇന്ന് പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.
കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. സ്‌കൂൾതല പ്രവേശനോത്സവം ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവർ പങ്കെടുത്തു. കവി മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ ചിട്ടപ്പെടുത്തി മഞ്ജരി ആലപിച്ച മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണമെന്ന പാട്ടോടെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു.
മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാൽ ലക്ഷം കുട്ടികൾ എത്തി. രണ്ടാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഉൾപ്പടെ 42 ലക്ഷം കുട്ടികൾ സ്കൂളുകളിലെത്തും.
അന്തിമ കണക്ക് ആറാം പ്രവൃത്തിദിനത്തിൽ ലഭ്യമാകും. ഗതാഗതം, ശുചീകരണം, കുടിവെള്ളം, വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസലിങ് എന്നിവ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കി.