ഇടുക്കി: സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും അവതാര രൂപമാണ് പിണറായി വിജയനെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഇടുക്കി ജവഹർ ഭവനിൽ മഹിള കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. കൺവൻഷനിൽ ജില്ലാ പ്രസിഡണ്ട് മിനി സാബു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ഒ.എൻ.വി.യുടെ യുവ സാഹിത്യപുരസ്ക്കാരം നേടിയ യുവ കവയിത്രി രാഖി.ആർ. ആ ചാരി, കവയിത്രി ഷൈലജാ ഹൈദ്രോസ്, കെ.പി.സി.സി 138 ചലഞ്ചിൽ 50ൽ കൂടുതൽ ആളുകളെ ചേർത്ത ഷൈനി റോയി, ആലീസ് ജോസ്, ശശികലാ രാജു തുടങ്ങിയവരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, സ്പ്രിഗ്ളർ, എ.ഐ.ക്യാമറ, കെ.ഫോൺ തുടങ്ങിയ എല്ലാ തട്ടിപ്പു പ്രസ്ഥാനങ്ങളിലും പിണറായി ഒളിഞ്ഞു നിൽപ്പുണ്ടെന്നും ജെബി മേത്തർ എം.പി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും വി.ഡി.സതീശനും എതിരെ മാത്രമല്ല, കോളേജ് വിദ്യാർത്ഥിയായ കെ.എസ്.യു പ്രസിഡണ്ട് അലോഷ്യസ് സേവ്യറിന് എതിരെ വരെ പ്രതികാര ചിന്തയോടെ കേസ് എടുക്കുന്നു.സി.പി.എം കാർക്ക് ഒരു നീതിയും സാധാരണ ജനങ്ങൾക്ക് നീതി നിഷേധവുമാണ് നടക്കുന്നത്.
പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട ആയിരങ്ങൾക്ക് 280 വീടുകൾ മാത്രമല്ല, ജീവിതവും തിരിച്ചു നൽകിയത് വി.ഡി.സതീശനാണ്. ജീവനെടുക്കാനല്ലാതെ ജീവിതം കൊടുക്കാൻ കഴിയാത്തവരാണ് സി.പി.എമ്മുകാർ.സതീശൻ വെപ്രാളപ്പെട്ടു എന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. ഇന്നസെൻറ് പറഞ്ഞതുപോലെ ‘ഇതിലും വലുത് ചാടിക്കടന്നവനാണ് കെ.കെ.ജോസഫ്’. പിണറായിയുടെ അനുവാദമില്ലാതെ ചിരിക്കാൻ പ്പോലും ഗോവിന്ദൻ മാഷിന് കഴിയില്ല. ആ മാഷ് കോൺഗ്രസ് നേതാക്കളെ പഠിപ്പിക്കണ്ട.
ഉമ്മൻ ചാണ്ടിക്കെതിരെ സാദാ പോലീസും ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ടീമും സി.ബി.ഐ.യും അന്വേഷിച്ചിട്ട് പിണറായി വഷളായി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. എല്ലാ കേസും അന്വേഷിക്കാൻ അനുമതി നൽകുന്ന പിണറായി എന്തു കൊണ്ട് ലാവ്‌ലിൻ കേസ് സി.ബി.ഐ. അന്വേഷിക്കണ്ടെന്ന് പറയുന്നു. എസ്.എഫ്.ഐ. നേതാവ് എഴുതാത്ത പരീക്ഷ ജയിച്ചതായി കണ്ടു പിടിച്ച കെ.എസ്.യു. പ്രസിഡണ്ടിനും മാധ്യമ പ്രവർത്തക്കുമെതിരെ കേസ്. തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ കേസ് എടുക്കാൻ ധൈര്യം കാണിക്കാത്ത പോലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. മിനിമോൾ വി.കെ സംസ്ഥാന ജന: സെക്രട്ടറിമാരായ സുധാ നായർ, ഗീതാ ചന്ദ്രൻ, നിഷാ സോമൻ, സെക്രട്ടറിമാരായ മഞ്ജു എം.ചന്ദ്രൻ, ഗീതാ ശ്രീകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി അംഗം എ.പി ഉസ്മാൻ, ഡി.സി.സി. ജന: സെക്രട്ടറി എം.ഡി. അർജുനൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഇന്ദു സുധാകരൻ, കുഞ്ഞുമോൾ ചാക്കോ, ആൻസി തോമസ്, കൊച്ചുത്രേസ്യാ പൗലോസ്, ശ്യാമളാ വിശ്വനാഥൻ, മണിമൊഴി, ശശികലാ രാജു, സാലി ബാബു, ഷൈലജ ഹൈദ്രോസ്, ഷൈനി സണ്ണി ചെറിയാൻ, മിനി പ്രിൻസ്, ഹാജിറാ സെയ്തു മുഹമ്മദ്, ഓമന ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.