ന്യൂഡൽഹി: സൂര്യകാന്തിക്കുരുവിന് മിനിമം താങ്ങുവിലയെന്ന ആവശ്യം അംഗീകരിച്ചതോടെ ഹരിയാനയിലെ കുരുക്ഷേത്രയിൽ രണ്ടു ദിവസമായി കർഷകർ നടത്തിയ ദേശീയപാത ഉപരോധം പിൻവലിച്ചു. ക്വിന്റലിന് 6400 രൂപയ്‌ക്ക് സൂര്യകാന്തിക്കുരു സംഭരിക്കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. കസ്റ്റഡിയിലുള്ള കർഷക നേതാക്കളെ മോചിപ്പിക്കാമെന്നും അധികൃതർ ഉറപ്പുനൽകി.
ചൊവ്വാഴ്‌ച വൈകിട്ട് ഡെപ്യൂട്ടി കമീഷണറുമായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. സർക്കാരുമായി ചൊവ്വാഴ്‌ച രാവിലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഉപരോധം തുടരുമെന്ന് കിസാൻമോർച്ച നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപരോധത്തിന് പിന്തുണയുമായി ഗുസ്‌തി താരം ബജ്‌റംഗ് പുനിയയും ചൊവ്വാഴ്‌ച രംഗത്തുവന്നു.
രണ്ടു ദിവസമായി ഡൽഹി ചണ്ഡീഗഢ് ദേശീയപാത -44 ആണ് കർഷകരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. കുരുക്ഷേത്രയിലെ പിപ്‌ലിയിൽ ചേർന്ന കർഷക മഹാപഞ്ചായത്താണ് ദേശീയപാത ഉപരോധത്തിന് തീരുമാനമെടുത്തത്. സമരത്തിൽ പങ്കെടുത്ത എല്ലാ കർഷകരെയും അഖിലേന്ത്യ കിസാൻ സഭ അഭിവാദ്യം ചെയ്‌തു.
ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി അധികൃതരുടെ വഞ്ചനയ്‌ക്ക് ഇരയായ കർഷകരുടെ രാപകൽ ധർണ 50 ദിവസം പിന്നിട്ടു. അതോറിറ്റി ഓഫീസിനു മുന്നിൽ നൂറുകണക്കിനു കർഷകർ ഓരോ ദിവസവും ആവേശപൂർവം സമരത്തിൽ പങ്കെടുക്കുന്നു. എഎപി നേതാവ് സഞ്‌ജയ് സിങ് എംപി, ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് രാവണൻ, അതുൽ പ്രധാൻ എംഎൽഎ (എസ്‌പി), സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു എന്നിവർ ചൊവ്വാഴ്‌ച കർഷകരെ അഭിവാദ്യം ചെയ്‌തു.
പൊലീസ് അതിക്രമങ്ങൾ അതിജീവിച്ചാണ് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകപ്രതിഷേധം മുന്നോട്ടുപോകുന്നത്. കർഷകഗ്രാമങ്ങളിലെത്തി കുടുംബാംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുന്നു. സമരവേദിയിൽ ഭക്ഷണം പാചകംചെയ്യാൻ ഒരുക്കിയ സംവിധാനം നശിപ്പിച്ചു. ഭക്ഷണം നൽകാൻ തയ്യാറായ ക്യാന്റീൻ കരാറുകാരനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
ഇപ്പോൾ ഗ്രാമങ്ങളിൽനിന്ന് ഭക്ഷണം കൊണ്ടുവരികയാണ്. ജയിലിൽ അടച്ച കർഷകനേതാക്കളെ കാണാൻ അധികൃതർ അനുമതി നൽകുന്നില്ലെന്ന് കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് പറഞ്ഞു. ജൂൺ ആറുമുതൽ 33 പേരാണ് ജയിലിൽ കഴിയുന്നത്. സമരം ഉടൻ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് എ ആർ സിന്ധുവിന്റെ നേതൃത്വത്തിൽ ഗൗതംബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേട്ടുമായി ചർച്ച നടത്തി.