മുട്ടം: കെട്ടിട സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മുട്ടം പോളിടെക്നിക്ക് കോളേജിലെ ഫാഷൻ ഡിസൈൻ കോഴ്സ് വിദ്യാർത്ഥികളുടെ പഠനം മുടങ്ങി.പോളിടെക്നിക്ക് കോളേജിലെ ഫാഷൻ ഡിസൈൻ കോഴ്സ് വർഷങ്ങളായിട്ട് തൊടുപുഴ നഗരസഭയുടെ കീഴിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
കാലപ്പഴക്കത്താൽ ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.പോളിടെക്നിക്ക് കോളേജിന്റെ നടത്തിപ്പ് ചുമതല ജില്ലാപഞ്ചായത്തിന് ആയതിനാൽ ഫാഷൻ ഡിസൈൻ കോഴ്സ് നടത്തുവാൻ അനുയോജ്യ സ്ഥലം കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുട്ടം പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്ന് മുട്ടത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സൗകര്യം കണ്ടെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അടുത്ത നാളിലാണ് എഗ്രിമെന്റും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ചതെന്നും പറയപ്പെടുന്നു.അധികൃതരുടെ അനാസ്ഥയെ തുടർന്ന് ജൂൺ 2 ന് ആരംഭിക്കേണ്ടുന്ന കോഴ്സ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞട്ടില്ല.
എന്നാൽ കെട്ടിടത്തിന്റെ വാടക തീരുമാനിച്ച് അംഗീകാരം ലഭിക്കാനുണ്ടായ കാലതാമസത്തെ തുടർന്നാണ് ക്ലാസ്സ് ആരംഭിക്കാൻ കഴിയാതിരുന്നതെന്നും അടുത്ത ദിവസം മുതൽ മുട്ടത്ത് കോഴ്സ് പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചെന്നും പോളിടെക്നിക്ക് കോളേജ് അധികൃതർ പറഞ്ഞു.