
ന്യൂഡൽഹി: കാൽലക്ഷം കോടിയിലേറെ മുതൽമുടക്കി 31 പ്രിഡേറ്റർ ഡ്രോൺ വാങ്ങാനുള്ള മോദി സർക്കാരിന്റെ തീരുമാനം അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയെന്ന് ആക്ഷേപം.
വ്യോമസേനയ്‌ക്ക് കൂടുതൽ യുദ്ധവിമാനങ്ങളും കരസേനയ്‌ക്ക് ടാങ്കുകളും മറ്റും ആവശ്യമായ ഘട്ടത്തിലാണ് വൻതുക മുടക്കി സൈന്യത്തിന് കാര്യമായ പ്രയോജനമില്ലാത്ത ഡ്രോണുകൾ വാങ്ങിക്കൂട്ടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മോദിക്ക് യുഎസിൽ വലിയ സ്വീകരണമൊരുക്കുന്നതിന് നന്ദിസൂചകമായാണിതെന്ന് ആരോപണമുയരുന്നുണ്ട്.
പ്രതിസന്ധി നേരിടുന്ന യുഎസ് സമ്പദ്‌വ്യവസ്ഥയ്‌ക്കാണ് ഡ്രോൺ വിൽപ്പനക്കരാറടക്കം മോദി ഒപ്പുവയ്‌ക്കുന്നതെല്ലാം ഗുണംചെയ്യുക. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവനും കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഡ്രോൺ വിൽപ്പനയിൽ തീരുമാനമായത്.
മിസൈൽ നിർവ്യാപനം ലക്ഷ്യമിട്ടുള്ള സാങ്കേതിക നിയന്ത്രണസംവിധാനത്തിൽ 2016 ജൂണിൽ ഇന്ത്യ അംഗമായതു മുതലാണ് പ്രിഡേറ്റർ ഡ്രോണുകളുടെ കാര്യത്തിൽ കൂടിയാലോചന തുടങ്ങിയത്.
ഇന്ത്യ–യുഎസ് സൈന്യങ്ങളുടെ വാർത്താവിനിമയ സഹകരണം ഉറപ്പുവരുത്തുന്ന കോംകാസ കരാറിൽ 2018 സെപ്‌തംബറിൽ ഇന്ത്യയെക്കൊണ്ട് ഒപ്പുവയ്‌പിച്ചു.
ഇതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ വാർത്താവിനിമയ സംവിധാനം യുഎസിനുകൂടി ഉപയോഗിക്കാനാകും. 30 പ്രിഡേറ്റർ ഡ്രോണാണ് ആദ്യം വാങ്ങാനിരുന്നത്.
എന്നാൽ, അമിത വിലയും അതിർത്തികളിൽ ഡ്രോണുകളുടെ പ്രയോജനമില്ലായ്‌മയും സൈന്യത്തെ പുനഃപരിശോധനയ്‌ക്ക് പ്രേരിപ്പിച്ചു.
തുടർന്ന് എണ്ണം 18 ആക്കി. അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണ് വീണ്ടും 31 എണ്ണം വാങ്ങാൻ തീരുമാനിച്ചത്.