കൊച്ചി: കരാട്ടെയിൽ ഇരട്ട ബ്ലാക്ക് ബെൽറ്റുണ്ട് പ്രഖറിന്. എതിരാളികളെ കീഴടക്കുന്ന അതേ കരുത്തും നിശ്ചയദാർഢ്യവുമായിരുന്നു ജെഇഇ പരീക്ഷയുടെ കളത്തിലിറങ്ങുമ്പോഴും. ലക്ഷ്യം ഉന്നതവിജയംമാത്രം.

കണക്കുകൂട്ടൽ പിഴച്ചില്ല. ദേശീയതലത്തിൽ ഇരുപത്തൊന്നാമനും സംസ്ഥാനത്ത് ഒന്നാമനുമായി കേരളം തട്ടകമാക്കിയ ഈ ഡൽഹിക്കാരൻ. 360ൽ 312 മാർക്ക് നേടിയാണ് എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ വിദ്യാർഥി പ്രഖർ ജെയിനിന്റെ നേട്ടം.
ബോംബെ ഐഐടിയിൽ പ്രവേശനമാണ് ലക്ഷ്യം. ഡാറ്റാ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സ്‌പെഷ്യലൈസ് ചെയ്യാനാണ് താൽപ്പര്യം.
ഫിറ്റ്ജീ കൊച്ചിയിലായിരുന്നു പരിശീലനം. ജെഇഇ പരിശീലനത്തിന് തയ്യാറെടുക്കാൻ എല്ലാ ദിവസവും നിശ്‌ചിതസമയം നീക്കിവച്ചിരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി.
ദേശീയ കെമിസ്ട്രി, ഗണിതശാസ്‌ത്ര ഒളിമ്പ്യാഡുകൾക്കും യോഗ്യത നേടി. പ്രഖറും കുടുംബവും രണ്ടുവർഷംമുമ്പാണ് കേരളത്തിൽ എത്തിയത്.
അച്ഛൻ പിയൂഷ് ജെയിൻ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ. അമ്മ: ഡോ. സുരഭി ജെയിൻ. സഹോദരൻ: പ്രണവ ജെയിൻ (ഹൈദരാബാദ് മൈക്രോസോഫ്‌റ്റ്).