തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും മൂന്നാഴ്ച കൂടുമ്പോൾ കേസിൻറെ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്.
കേസിൻറെ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം നടത്തണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒന്നിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ ചേർന്നപ്പോഴായിരുന്നു ഈ നിർണായക നീക്കം.
അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി വരെ പോയിട്ടും നടക്കാത്തതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ യുഡിഎഫ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.