ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ് രോഗം ബാധിച്ചത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എങ്കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.