ന്യൂഡൽഹി: റേഷൻ വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ നൽകാതിരുന്ന കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകണമെന്ന ഹൈക്കോടി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
വ്യാപാരികൾക്ക് അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്നാണ് സുപ്രീം കോടതിയും ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
കമ്മീഷൻ നൽകാനുള്ളത് 14,257 റേഷൻ കടക്കാർക്കാണ്. സർക്കാർ 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രമായിരുന്നു കൊടുത്തത്. എന്നാൽ, കുടിശ്ശിക നൽകിയിരുന്നില്ല. വ്യാപാരികളുടെ ഇതിനെതിരെയുള്ള നിയമ പോരാട്ടമാണ് വിജയം കണ്ടത്.
കോടതിയെ സമീപിച്ചത് ഓൾ കേരള റീട്ടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ്. സർക്കാർ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നത് ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ്.
അസോസിയേഷൻ ഭാരവാഹികൾ പറയുന്നത് കാർഡുകൾ കൂടുതലുളള റേഷൻ കടകൾക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ്. ഇങ്ങനെ കോടികൾ വരും സംസ്ഥാനത്ത് മൊത്തം നൽകാനുളള തുക. വ്യാപാരികൾക്കായി അഭിഭാഷകൻ എം.റ്റി ജോർജ്ജാണ് ഹാജരായത്.