കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഇന്നലെ കോയമ്പത്തൂരിൽ പത്രസമ്മേളനത്തിൽ തൻറെ ഷൂസുകൾ ഊരിയെടുത്തുകൊണ്ടാണു പ്രഖ്യാപനം.
സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലാണ്. സ്ത്രീകൾക്ക് സുരക്ഷയില്ല. ഡി.എം.കെ സർക്കാർ പ്രതികൾക്ക് സംരക്ഷണം നൽകുകയാണെന്നും അണ്ണാമലൈ.
അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായതിൻറെ പശ്ചാത്തലത്തിലാണ് ഡി.എം.കെയ്ക്കെതിരേ അണ്ണാമലൈയുടെ യുദ്ധപ്രഖ്യാപനം.
ഡി.എം.കെ സർക്കാരിനെ മറിച്ചിടും വരെ ഞാൻ നഗ്നപാദനായിരിക്കും. ഞങ്ങൾ ഒരിക്കലും പണം കൊടുത്തായിരിക്കില്ല തെരഞ്ഞെടുപ്പ് വിജയിക്കുന്നത്.
എല്ലാ തിന്മകളെയും ഇല്ലാതാക്കാൻ തൻറെ വസതിക്കു പുറത്ത് താൻ സ്വയം ആറു തവണ ചാട്ടവാറടിക്ക് വിധേയനാകുമെന്നും അണ്ണാമലൈ. സംസ്ഥാനത്തെ ആറ് മുരുക ക്ഷേത്രങ്ങളിലും ദർശനം നടത്താനായി 48 ദിവസം ഉപവസിക്കും. അണ്ണാ യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമത്തിനിരയായ പത്തൊമ്പതുകാരിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടതിനെതിരെ താൻ നിയമനടപടി സ്വീകരിക്കുമെന്നും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ ബി.ജെ.പി നേതാവ് വ്യക്തമാക്കി.
ദേശീയ വനിതാ കമ്മിഷനും പരാതി നൽകും. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തിലാണ് എഫ്.ഐ.ആർ തയാറാക്കിയത്. പ്രതി ഗുണശേഖരനു ഡി.എം.കെ നേതാക്കളുമായുള്ള ബന്ധം മൂലം ഇയാളെ ഗൂണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല.
ഗുണശേഖരൻ ഡി.എം.കെ പ്രവർത്തകനാണെന്നു പറഞ്ഞ അണ്ണാമലൈ, ഇയാൾ ഭരണകക്ഷി നേതാക്കൾക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും ദ്രാവിഡ കക്ഷിയുമായി ബന്ധം തെളിയിക്കുന്ന നോട്ടീസുകളും വിതരണം ചെയ്തു.