ആലപ്പുഴ: കുട്ടനാട് തയങ്കരി ബോട്ട് ജെട്ടി റോഡിൽ കാറിനു തീ പിടിച്ച് സീറ്റിലിരുന്നയാൾ വെന്തുമരിച്ച നിലയിൽ. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കാറിൻറെ ഡ്രൈവിങ് സീറ്റിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എടത്വ സ്വദേശി ജെയിംസ് (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് കാർ കത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഇവർ പുറത്തിറങ്ങി നോക്കുന്നത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിലയിൽ കണ്ടെത്തിയ കാർ കത്തുന്നത് കണ്ട ഇവരാണ് പിന്നീട് വിവരം പൊലീസിലറിയിക്കുന്നത്. തുടർന്ന് അഗ്നിശമന സേനകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.
ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാറിനു തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാർ കത്തിയത്.
ഇവിടെ കാറുകൾ പാർക്കു ചെയ്യുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പൊലീസെത്തി അന്വേഷണം നടത്തുകയാണ്. ഫോറൻസിക്ക് പരിശോധനയ്ക്ക് ശേഷമേ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരു.