വണ്ണപ്പുറം: പത്തനംതിട്ട കോഴം ചേരിയിൽ നിന്ന് കട്ടപ്പനയ്ക്ക് പെയിന്റുമായി പോയ ടോറസ് മുണ്ടൻ മുടി നിരപ്പുപ്പറയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു. ഡ്രൈവർ കായംകുളം സ്വദേശി ഗോകുൽ പെരുന്തോടത്തിനും സഹായി അനിലിനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സ നൽകിയതിനു ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കയറ്റം കയറുന്നതിനിടെ പിന്നോട്ട് ഉരുണ്ട് അപകടമുണ്ടാവുക ആയിരുന്നു. നിരപ്പ് പാറ ആനചേരിൽ ശിവന്റെ വീട്ടു മുറ്റത്തേയ്ക്കാണ് ടോറസ് മറിഞ്ഞത്.
അപകട ശേഷം റോഡാകെ പെയിന്റ് ഒഴുകി മറ്റു വാഹനങ്ങൾക്ക് ഭീഷിണിയായി. വണ്ണപ്പുറം ചേലച്ചുവട് റോഡിൽ ഭാരം കയറ്റി വരുന്ന വാഹനങ്ങൾ വലി മുട്ടി പിന്നോട്ട് ഉരുണ്ട് അപകടം ഉണ്ടാകുന്നത് പതിവാണ്. കയറ്റം കുറയ്ക്കാതെ റോഡ് പണിതതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് സമീപവാസികൾ പറഞ്ഞു. കാളിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.