തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിൻറെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻ.എസ്.എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സി.പി.എം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന് നിർത്തേണ്ടതില്ലെന്ന നിലപാടാണ് സി.പി.എമ്മിലുള്ളത്.
ശബരിമല വിഷയത്തിന് സമാനമായ സമരത്തിലേക്ക് നീങ്ങാനുള്ള എൻ.എസ്.എസ് തീരുമാനത്തെ അതീവ ജാഗ്രതയോടെയാണ് സി.പി.എം നോക്കിക്കാണുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഷംസീറും രംഗത്തെത്തിയിട്ടില്ല.
എന്നാൽ എൻ.എസ്.എസിനെ പൂർണമായും പിന്തുണച്ചും സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ചു മുന്നോട്ട് പോവാനാണ് കോൺഗ്രസ് തീരുമാനം.
നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കർ തിരുത്തണമെന്ന് കൂടുതൽ ശക്തമായി കോൺഗ്രസ് ആവശ്യപ്പെടും. ബി.ജെ.പി അവസരം മുതലാക്കുമെന്ന് കണ്ടാണ് മൗനം വെടിഞ്ഞ് കോൺഗ്രസ് സ്പീക്കറെ തള്ളിപ്പറഞ്ഞത്.