മുംബൈ: വെർസോവ ബീച്ചിൽ ഹരിയാന സ്വദേശികളായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദീപക് ബിഷ്ത്(28), ഹർദേശ് സിങ്ങ്(26) എന്നിവരുടെ മൃതദേഹങ്ങളാണ് കാണപ്പെട്ടത്.
ഇരുവരുടെയും ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനാകാത്തതിനാൽ മുങ്ങി മരണമാകാം എന്ന് പൊലീസ് പറഞ്ഞു. രാവിലെ കരയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ലൈഫ് ഗാർഡാണ് മൃതദേഹം ആദ്യം കണ്ടത്, ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
കടൽത്തീരത്ത് എത്തിയപ്പോഴാണ് സമീപത്ത് മറ്റൊരു മൃതദേഹം കൂടി കിടക്കുന്നത് കണ്ടത്. പൊലീസ് ഇരുവരയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.
ഇവരുടെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡിന്‍റെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.