കട്ടപ്പന: ചികിത്സയ്ക്കുള്ള പണത്തിനായി കാത്തു നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതോടെ കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മാതാവ് അന്തരിച്ചു.
കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്രേസ്യാമ്മയാണ്(90) മരിച്ചത്. ഒന്നര വർഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. . അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. സാബുവിന്റെ അച്ഛനും വാർധക്യ സഹജമായ രോഗങ്ങൾ അനുഭവിക്കുന്നയാളാണ്. അതേസമയം, നിക്ഷേപത്തുകയായ 15 ലക്ഷം തിരികെ നൽകി വിവാദങ്ങളിൽ നിന്നും തലയൂരാനാണ് സഹകരണ സൊസൈറ്റിയുടെ നീക്കം. 14,59,940 രൂപയാണ് കുടുംബത്തിന് തിരികെ നൽകിയിരിക്കുന്നത്.
ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്ടപ്പെടുകയില്ലായിരുന്നു. ഡിസംബർ 20 നാണ് സാബു തോമസ് ജീവനൊടുക്കിയത്. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയിരിക്കുന്നത്. അതേ സമയം കട്ടപ്പന റൂറൽ ഡിവലപ്മെന്റ് സൊസൈറ്റിയുടെ മുന്നിൽ ആത്മഹത്യചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി രംഗത്ത് എത്തിയതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയിൽ വെയ്ക്കേണ്ടെന്നും അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്നുമാണ് എം.എം മണി പറഞ്ഞത്. കട്ടപ്പനയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എം മണി. ‘വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട.
സാബുവിന്റെ മരണത്തിൽ ഞങ്ങൾക്ക് ഖേദമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ബാങ്ക് ഭരണസമിതിയുടെ പ്രവർത്തനത്തിൽ നിന്നോ പ്രസിഡന്റ് വി.ആർ.സജിയുടെയോ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സിപിഎമ്മിനോ എൽഡിഎഫിനോ സാബുവിന്റെ ആത്മഹത്യയിൽ പങ്കില്ല. ബി.ജെ.പി.യും കോൺഗ്രസും ഞങ്ങളെ മെക്കിട്ട് കേറാൻ വരേണ്ട. ഇനിയും ആ കുടുംബത്തിന് സഹായങ്ങൾ ചെയ്യാൻ ബാങ്കും സിപിഎമ്മും സന്നദ്ധമാണ്. അതുകൊണ്ട് ഈ പാപം ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കണ്ട. അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടോ, അതിന് വല്ല ചികിത്സയും നടത്തിയിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കപ്പെടണം’ – എം.എം മണി പറഞ്ഞു. ഡിസംബർ 20-നായിരുന്നു കട്ടപ്പന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെയും അമ്മയുടേയും ചികിത്സയ്ക്ക് പണം നൽകാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.