Timely news thodupuzha

logo

പുതുപ്പള്ളിയിൽ മത്സരിക്കിനില്ലെന്ന് നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിബു ജോൺ. പുതുപ്പള്ളിയിൽ താൻ മത്സരിക്കിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ വിമതനായി നിൽക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചതു തന്നെ ഉമ്മൻചാണ്ടി നിർബന്ധിച്ചതു കൊണ്ടാണ്. എൻറെ പേരു വന്നപ്പോൾ പലപ്പോഴും ഞാൻ മാറി നിൽക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ തൻറെ പേര് വന്നതെങ്ങനെയെന്ന് അറിയില്ല.ഇത്തരമൊരു ആവശ്യവുമായി താനും ആരെയും സമീപിച്ചിട്ടില്ലെന്നും” അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കളും താൻ ഇടതു സ്ഥാനാർഥിയാണെന്ന് വാർത്ത നിഷേധിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുമായി സഹകരിച്ചാണ് പോവുന്നത്. പുതുപ്പള്ളി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അതൃപ്തിയുള്ളതായി അറിയില്ല.

തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകൾ കോൺഗ്രസിലെ നേതാക്കൾ ഒരു തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും നിബു ജോൺ പ്രതികരിച്ചു. ബന്ധു മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായില്ല, അതാവാം തനിക്ക് അതൃപ്തി ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്.

വാർത്തകൾ സൃഷ്ടിക്കുന്നതിന് ഒരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേതെന്നും നിബു ജോൺ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ് നിലവിൽ നിബു ജോൺ. അതേസമയം, കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഇന്നലെ രാത്രി നടന്ന നീണ്ട ചർച്ചയിലൂടെയാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് നിർത്തിയതെന്നാണ് വിവരം. കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *