ഫ്ലോറിഡ: അത്യന്തം അപകടകാരിയായ ഇഡാലിയ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ തീരംതൊട്ടു. കാറ്റഗറി മൂന്ന് ഗണത്തിൽ പെടുന്ന കൊടുങ്കാറ്റാണ് വീശിയത്. പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ച ഇഡാലിയ ഫ്ലോറിഡയിലെ ചതുപ്പുനിലമായ ബിഗ് ബെൻഡിൽ രാവിലെ 7:45 ഓടെയാണ് തീരം തൊട്ടത്.
മണിക്കൂറിൽ ഏകദേശം 215 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് യു.എസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം(എൻ.എച്ച്.സി) അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ജനജീവിതം ദുസ്സഹമായി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. മണിക്കൂറിൽ 70 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്.
കാറ്റ് ജോർജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം.