തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി 29, 30, ഒക്ടോബർ 1, 2 തീയതികളിലായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശങ്കരാചാര്യർ വിവർത്തനം ചെയ്ത ഭഗവദ്ഗാതയാണ് പാരായണം ചെയ്യുന്നത്. പരിപാടിയിൽ ഭഗവത്ഗീതയുടെ പാരായണവും വിവർത്തനവും പ്രബന്ധ അവതരണവും ഉപന്യാസ മത്സരവും കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.
29ന് ഉദ്ഘാടനത്തിനു മുമ്പായി രാവിലെ കാലടി ശ്രീശങ്കാരാചാര്യരുടെ പാദസ്പർശമേറ്റ മണ്ണിൽ നിന്നും ആരംഭിച്ച് 51 ക്ഷേത്രങ്ങൽ സന്ദർശിച്ച ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തെത്തുന്ന ഗ്രന്ഥപ്രയാണരഥഘോഷയാത്രയെ ഭക്തരും ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മി പാർവ്വതിഭായി തമ്പുരാട്ടി ഭദ്രദീപം കൊളുത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും. പൂജനീയ ചിദാനന്ദപുരി സ്വാമികൾ, കേരളത്തിലെ സന്യാസിശ്രേഷ്ഠന്മാർ, ആധ്യാത്മിക പണ്ഡിതന്മാർ, സംസ്കൃതപണ്ഡിതർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, ട്രഷറർ ബി.ഇന്ദിര, ജന.കൺവീനർ വി.കെ.സുധാകരൻ, വനിതാസംഘം കോഡിനേറ്റർ അഡ്വ. ശ്രീവിദ്യാ രാജേഷ്, കോഡിനേറ്റർമാരായ കെ.ആർ.വേണു, സി.സി.കൃഷ്ണൻ, ബി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.