Timely news thodupuzha

logo

സോളാർ കേസ്, ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല; ചാണ്ടി ഉമ്മൻ

കൊച്ചി: സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ. അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞതിന്‌ നേർ വിപരീത അഭിപ്രായമാണ്‌ ചാണ്ടി ഉമ്മൻ പങ്കുവച്ചത്‌. സോളാർ കേസിൽ ആരാണ്‌ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന്‌ എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്‌.

ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നതാണ്‌ ഇക്കാര്യത്തിൽ അവസാനവാക്കെന്നും ചാണ്ടി പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ ഏതാണ്‌ സത്യമെന്ന്‌ അറിയില്ലെന്നും ചാണ്ടി പറയുന്നു.

ഇക്കാര്യം അപ്പയോട്‌ സംസാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും താൻ അദ്ദേഹത്തോട്‌ ചോദിക്കണമെന്ന്‌ എന്താണ്‌ നിർബന്ധം?. ചോദിച്ചാലും അതിനെല്ലാം മറുപടി കിട്ടണമെന്നും നിർബന്ധമില്ല. രണ്ട്‌ മുൻ ആഭ്യന്തര മന്ത്രിമാരുടെ പങ്കിനെക്കുറിച്ചുള്ള ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിനും ചാണ്ടി ഉമ്മൻ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

അച്ചു ഉമ്മൻ രാഷ്‌ട്രീയത്തിലേക്ക്‌ വരില്ലെന്നും ചാണ്ടി ഉമ്മൻ തറപ്പിച്ചു പറഞ്ഞു. അത്‌ തങ്ങളുടെ തീരുമാനമാണെന്നും ചാണ്ടി പറയുന്നു.സോളാർ അഴിമതിക്കേസ്‌ കോൺഗ്രസിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങളെ തുടർന്ന്‌ ഉണ്ടായതല്ലേയെന്ന ചോദ്യത്തിന്‌ ആദ്യം വാർത്ത കൊടുത്തത്‌ കൈരളി ചാനൽ ആണെന്ന്‌ ചാണ്ടി മറുപടി നൽകി. കേസിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ അറസ്‌റ്റിനെ വിവാദമാക്കിയെന്നുമാണ്‌ ചാണ്ടി പറയുന്നത്‌.

കഴിഞ്ഞ ഒക്‌ടോബറിൽ ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാൻ പ്രത്യേക വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതായും ചാണ്ടി ഉമ്മൻ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിൽ മുഖ്യമന്ത്രി അതീവ താൽപര്യം കാണിച്ചിരുന്നു.

അതിന്‌ ശേഷവും പലപ്പോഴും ഫോണിൽ ബന്ധപ്പെട്ട്‌ ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചതായും ചാണ്ടി പറഞ്ഞു.ഉമ്മൻ ചാണ്ടിക്ക്‌ ആധുനിക ചികിത്സ നൽകാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌, ചികിത്സ എങ്ങനെ വേണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കുടുംബത്തിന്റെ അവകാശമാണ്‌ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ജർമ്മനിയിൽ പോയി ചികിത്സിക്കേണ്ട ആവശ്യമില്ലെന്ന്‌ ഉമ്മൻ ചാണ്ടി ഡയറിയിൽ എഴുതിയിട്ടുണ്ട്‌ എന്നും ചാണ്ടി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *