കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിന്‍റെ വിചാരണയ്ക്കായി മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാരിന്‍റെ അപേക്ഷ പൊതു താത്പര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. അതിനു പുറകേയാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹൻലാലിന്‍റെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 2011ലാണ് ആദായനികുതി വകുപ്പ് കേസ് ഫയൽ ചെയ്തത്.
കേസ് പിന്നീട് വനം വകുപ്പിന് കൈമാറി. കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോട് അനുമതിയുണ്ടെന്നും പൊതുജനമധ്യത്തിൽ തന്‍റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ചു കൊണ്ട് കോടതിയിൽ മോഹൻലാൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.