Timely news thodupuzha

logo

10ന് മുമ്പ് 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽ നിന്നു തിരിച്ചു വിളിക്കണമെന്ന് ക്യാനഡയോട് ഇന്ത്യ

ന്യൂഡൽഹി: ക്യാനഡയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ക്യാനഡയുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.

ഒക്ടോബർ 10ന് മുൻപായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽ നിന്നു തിരിച്ചു വിളിക്കണമെന്നാണ് ഇന്ത്യ ക്യാനഡയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധിക്ക് ശേഷം കനേഡിയൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും ക്യാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ക്യാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് ഉള്ളത്.

നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിൻറെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

അതിൻറെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംങ് നിജ്ജർ‌ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ-ക്യാനഡ ബന്ധത്തിൽ വിള്ളൽ വീഴുന്നത്.

നിജ്ജറിൻറെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. തുടർന്ന് ക്യാനഡക്കാർക്ക് ഇന്ത്യ വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ നിരോധിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *