Timely news thodupuzha

logo

പണ്ടാരക്കളത്ത്‌ പുതിയ ഹൈടെൻഷൻ ടവർ

ആലപ്പുഴ: എ.സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പണ്ടാരക്കളം മേൽപ്പാലം നിർമാണം പൂർത്തിയാക്കാൻ വൈദ്യുതി വകുപ്പ്‌ പ്രദേശത്ത്‌ പുതിയ ഹൈടെൻഷൻ ടവർ സ്ഥാപിക്കും. ആലപ്പുഴ – ചങ്ങനാശേരി ദിശയിൽ പാലത്തിനോട്‌ ചേർന്ന്‌ ഇടതുഭാഗത്താണ്‌ പുതിയ ഹൈടെൻഷൻ ടവർ സ്ഥാപിക്കുന്നത്‌. 2.70 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം.

വൈദ്യുതി ട്രാൻസ്‌മിഷൻ വിഭാഗത്തിന്‌ കെ.എസ്‌.റ്റി.പിയാണ്‌ പണം നൽകുക. നിലവിൽ പാലത്തിൽനിന്ന്‌ നാലുമീറ്റർ ഉയരംമാത്രമാണ്‌ ഹൈടെൻഷൻ ലൈനിനുള്ളത്‌. ഇതുമൂലം ആറുമാസമായി മേൽപ്പാലത്തിന്റെ നിർമാണം മന്ദഗതിയിലായിരുന്നു. നിർമാണം നടക്കുന്ന പണ്ടാരക്കളം മേൽപ്പാലത്തിന്റെ മധ്യഭാഗത്തു കൂടിയാണ്‌ ഹൈടെൻഷൻ ലൈൻ കടന്നു പോകുന്നത്‌.

ലൈൻ താഴ്‌ന്ന്‌ കിടക്കുന്നതിനാൽ ക്രെയിൻ ഉപയോഗിച്ച്‌ ഗർഡർ സ്ഥാപിക്കാൻ കഴിയില്ല. കൊയ്‌ത്തുകഴിഞ്ഞ്‌ പാടത്തുനിന്ന്‌ വെള്ളം ഇറക്കിയശേഷമാണ്‌ ടവർ നിർമിക്കുക. നിലവിൽ മേൽപ്പാലത്തിന്റെ ഇരുവശത്തും പാടത്തിന്‌ നടുവിലാണ്‌ ടവറുകൾ ഉള്ളത്‌.

പാലത്തിനോട്‌ ചേർന്ന്‌ ഇടതുഭാഗത്ത്‌ പുതിയടവർ നിർമിച്ച്‌ ലൈൻ കണക്ട്‌ ചെയ്‌തശേഷം നിലവിൽ ഇടതുഭാഗത്ത്‌ പാടത്തിന്‌ നടുവിൽ സ്ഥിതിചെയ്യുന്ന ടവർ പൊളിച്ചുനീക്കും. പുതിയ ടവർ സ്ഥാപിച്ച്‌ ലൈൻ കണക്ട്‌ ചെയ്യുന്നതിന്‌ 50 ദിവസത്തോളം വേണ്ടിവരും. വലതുഭാഗത്തെ ടവറിൽ അറ്റകുറ്റപണികളും വേണ്ടിവരും.

ഇവിടെ ടവറിലെ ക്രോസ്‌ ആമുകൾ ഉയർത്തും. നിലവിൽ നിർമാണ കമ്പനി ആവശ്യപ്പെടുന്ന സമയത്ത്‌ ഹൈടെൻഷൻ ലൈൻ ഷട്ട്‌ഡൗൺ ചെയ്‌തു കൊടുക്കാറുണ്ടെന്നും ട്രാൻസ്‌മിഷൻ വിഭാഗം ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ മനോജ്‌കുമാർ പറഞ്ഞു.

ടവറിന്റെ ഫൗണ്ടേഷനും മറ്റു ഇതര നിർമാണങ്ങളും ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയാണ്‌ ചെയ്യുന്നത്‌. അഞ്ചു മേൽപ്പാലങ്ങളിൽ നാലും പൂർത്തിയായി ഗതാഗതത്തിന്‌ തുറന്നു കൊടുത്തിട്ടുണ്ട്‌.

കാലവർഷ സമയത്ത്‌ എ.സി റോഡിൽ വേഗം വെള്ളം കയറുന്ന ഒന്നാംകര, മങ്കൊമ്പ്‌ ബ്ലോക്ക്‌, നസ്രത്ത്‌, ജ്യോതി ജങ്‌ഷൻ, പണ്ടാരക്കളം തുടങ്ങിയ അഞ്ചുപ്രദേശങ്ങളിലാണ്‌ മേൽപ്പാലങ്ങൾ നിർമിക്കുന്നത്‌. 26 കിലോമീറ്റർ നീളമുള്ള എസി റോഡിന്റെ നവീകരണം 2020 ഒക്‌ടോബർ 12നാണ്‌ തുടങ്ങിയത്‌.

Leave a Comment

Your email address will not be published. Required fields are marked *