കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ ഓണച്ചന്തകൾ തുടങ്ങാൻ സപ്ലൈകോയ്ക്കു പണമില്ല. അതിനാൽ സർക്കാർ നൽകുന്ന ഓണക്കിറ്റുകൊണ്ട് ഈ ഓണം ആഘോഷിക്കേണ്ടി വരും. കിറ്റ് തന്നെയാണ് സപ്ലൈകോയ്ക്കു വില്ലനായത് എന്നതാണു രസകരം.
റേഷൻ കാർഡുടമകൾക്കു സഞ്ചിയടക്കം 14 ഇനങ്ങളുള്ള കിറ്റ് നൽകാൻ 400 കോടി രൂപയാണു മാറ്റിവച്ചത്. കിറ്റു നൽകുന്നതിലേക്കായി സംസ്ഥാന സർക്കാർ 220 കോടി രൂപയാണ് അനുവദിച്ചത്. പുറമെ ഓണക്കാലത്തു വിപണിയിടപെടലിന് സപ്ലൈകോയ്ക്കു മാറ്റിവച്ചിരുന്ന 180 കോടി രൂപയും കൂടി ചേർത്താണു 400 കോടി തികച്ചത്. അതുകൊണ്ട് ഓണക്കാലത്തു സപ്ലൈകോയ്ക്കു വിപണിയിൽ ഇടപെടാനും ഓണച്ചന്തകൾ തുടങ്ങാനും പണമില്ല. 22 മുതലാണ് ഓണക്കിറ്റ് വിതരണം. ഒരു കിറ്റിനു 447 രൂപയാണു ചെലവ്.
ഓണക്കാലത്തു സംസ്ഥാനം വലിയ രീതിയിലുള്ള വിലക്കയറ്റത്തിനും സാക്ഷ്യം വഹിക്കും. ഇപ്പോള്‍ത്തന്നെ വിപണിയില്‍ വൻ വിലക്കയറ്റമാണ്. സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ പലതും സപ്ലൈകോ വിപണികളിൽ ലഭ്യമല്ലെന്ന പരാതികളും ഉയർന്നു. ഈ സാഹചര്യത്തെ മറികടക്കാനാണു സപ്ലൈകോ 180 കോടി രൂപ മാറ്റിവച്ചിരുന്നത്. ആ തുകയാണു സർക്കാർ ഓണക്കിറ്റ് നൽകാൻ ഉപയോഗിച്ചത്.
അതിനിടെ, സപ്ലൈകോയ്ക്കു സാധനങ്ങൾ നൽകുന്ന കരാറുകാർ ഇനി നൽകില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വരെ സാധനങ്ങള്‍ നല്കിയ വകയില്‍ കോടിക്കണക്കിനു രൂപയാണു കൊടുക്കാനുള്ളത്. പണം കിട്ടിയില്ലെങ്കില്‍ ഈ മാസത്തോടെ സപ്ലൈകോയ്ക്കു സാധനങ്ങള്‍ നല്കുന്നതു നിര്‍ത്തും. ഓണ കിറ്റിലേക്കുള്ള സാധനങ്ങൾക്ക് പുതിയ കരാറുകാരെ സർക്കാർ ആശ്രയിച്ചതാണു പഴയ കരാറുകാരുടെ എതിർപ്പുകൾക്കു കാരണം. പഴയ കരാറുകാർക്കു കോടികൾ കുടിശിക കൊടുത്തു തീർക്കാനുള്ളപ്പോൾ പുതിയ കരാറുകാർക്ക് രൊക്കം പണം നൽകിയാണു സർക്കാർ സാധനങ്ങൾ വാങ്ങുന്നത്.
കിറ്റിലേക്കുള്ള സാധനങ്ങള്‍ നല്കുന്നവര്ക്കും റെയ്ക്കോ, കെഎസ്സിഡിസി, കാപ്പക്സ്, വെളിച്ചെണ്ണ, ഉപ്പ്, തുണി സഞ്ചി വിതരണക്കാര്‍, കുടുംബശ്രീ എന്നിവര്‍ക്കുമാണു രൊക്കം പണം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണു പഴയ കരാറുകാർ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. കരാറുകാർ കൂടി സപ്ലൈകോയെ കൈയൊഴിഞ്ഞാൽ ഓണ നാളുകളിൽ സംസ്ഥാനം കാണാൻ പോകുന്നതു വളരെ രൂക്ഷമായ വിലക്കയറ്റമായിരിക്കും.