തൊടുപുഴ: ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ആരോഗ്യ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹോട്ടലുകളിലും ബാറുകളിലും പരിശോധന നടത്തി.
നഗരപരിധിയിലുള്ള അഞ്ച് ബാറുകളിലും മൂന്ന് ഹോട്ടലുകളിലും പരിശോധന നടത്തിയതിൽ രണ്ടു ബാർ ഹോട്ടലുകളിൽ നിന്നും പാകം ചെയ്ത പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തി.
എം.ജി സ്ക്വയറിലുള്ള ഹോട്ടൽ സീസർ പാലസ്, പുളിമൂട് ജംഗ്ഷനിലുള്ള ഹോട്ടൽ സിലോൺ എന്നിവിടങ്ങളിൽ നിന്നാണ് പാകം ചെയ്ത അൽഫാം, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ തുടങ്ങിയവയും ഹോട്ടൽ സിലോനിൽ നിന്ന് രണ്ട്കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളും നാലു പായ്ക്കറ്റ് സ്ട്രോയും കണ്ടെത്തി.
ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസും കർശന നിർദേശവും നൽകി. തുടർന്നും ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമം നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ.എൻ.എച്ച്, ദീപാ.പി.വി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്