Timely news thodupuzha

logo

മത്സ്യമാർക്കറ്റുകൾ എല്ലാ മണ്ഡലങ്ങളിലും; ഫിഷറീസ് മന്ത്രി സജി ചെറിയാൻ

കൊടുമൺ: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യമാർക്കറ്റുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന്‌ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആധുനികനിലവാരത്തിൽ നിർമിക്കുന്ന മത്സ്യമാർക്കറ്റിന്റെ നിർമാണോദ്ഘാടനം കൂടൽ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൂടലിലെ മാർക്കറ്റ് സമയബന്ധിതമായി പൂർത്തിയാക്കും.

ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാർക്കറ്റുകൾ ആരംഭിക്കും.

51 മത്സ്യമാർക്കറ്റുകൾക്കായി 142 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽനിന്നും അനുവദിച്ച 1.78 കോടി രൂപ ചെലവിലാണ് മാർക്കറ്റ് ആധുനികനിലവാരത്തിലേക്കുയർത്തുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല.

എട്ടു മാസമാണ് നിർമാണ കാലാവധി. 384.5 ച.മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മത്സ്യമാർക്കറ്റ് കെട്ടിടത്തിൽ ഏഴ് മത്സ്യ വിപണന സ്റ്റാളുകൾ, രണ്ട് ഇറച്ചി കടമുറികൾ, ആറ് കടമുറികൾ, പ്രിപ്പറേഷൻ മുറി, ഫ്രീസർ സൗകര്യം, ലേലഹാളുകൾ എന്നിവ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷനായി.

കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി.പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, അംഗങ്ങളായ സുജ അനിൽ, പി.വി.ജയകുമാർ, കലഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാൻ ഹുസൈൻ, ആശ സജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *